അമരാവതി: മോൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച ആന്ധ്രപ്രദേശ് തീരം കടന്നു. അയൽ സംസ്ഥാനമായ ഒഡിഷയിലും ഇതിൻ്റെ പ്രത്യാഘാതം അനുഭവപ്പെട്ടു. ഒഡിഷയിലെ 15 ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. ആന്ധ്രപ്രദേശിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചിച്ചുണ്ട്.
മോൻത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ കാറ്റിന്റെ ശക്തി ക്ഷയിച്ചിരുന്നു. ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് കടന്നുവെന്നാണ് വിവരം. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ചതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചത്. ബംഗാൾ ഉൾക്കടലിലെ ഈ കാലാവസ്ഥാ പ്രതിഭാസം കാക്കിനാഡയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലൂടെ ആന്ധ്ര തീരം കടക്കുമെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.
ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് ചുഴലിക്കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്നത്. ആന്ധ്രാപ്രദേശിലെ 12 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. ഛത്തീസ്ഗഡ്, കർണാടക, കേരളം, തമിഴ്നാട്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാതധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിതീവ്ര ചുഴലിക്കാറ്റായ മോൻത ആന്ധ്രപ്രദേശിലുടനീളം കനത്ത മഴയ്ക്ക് കാരണമായി. നെല്ലൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് വലിയ തോതിലുള്ള കാർഷിക നാശനഷ്ടങ്ങൾക്ക് കാരണമായി. ആന്ധ്രയിൽ 1.76 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചതായാണ് റിപ്പോർട്ട്. 38,000 ഹെക്ടറിലെ വിളകൾ നശിക്കുകയും 1.38 ലക്ഷം ഹെക്ടറിലെ ഹോർട്ടികൾച്ചർ കൃഷിയെ ബാധിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കനത്ത മഴ കാരണം ട്രെയിൻ, വിമാന സർവീസുകൾ താറുമാറായി. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ വാൾട്ടയർ ഡിവിഷനിലുടനീളം നിരവധി ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും പുനഃക്രമീകരിക്കുകയും ചെയ്തു. സൗത്ത് സെൻട്രൽ റെയിൽവേ സോൺ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ആകെ 120 ട്രെയിനുകൾ റദ്ദാക്കി. വിമാനയാത്രയെയും സാരമായി ബാധിച്ചു. വിശാഖപട്ടണം വിമാനത്താവളം ചൊവ്വാഴ്ച ഷെഡ്യൂൾ ചെയ്ത 32 വിമാനങ്ങളും റദ്ദാക്കി, വിജയവാഡ വിമാനത്താവളം 16 എണ്ണം റദ്ദാക്കുകയും അഞ്ചെണ്ണം സർവീസ് നടത്തുകയും ചെയ്തു.

