കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ കുഴിച്ചിട്ട സംഭവത്തിൽ ഭർത്താവായ പശ്ചിമബംഗാൾ സ്വദേശി സോണി അറസ്റ്റിലായി. ഭാര്യയായ അൽപനയുടെ മൃതദേഹം പ്രതിയുടെ മൊഴിപ്രകാരം നിർമ്മാണം നടക്കുന്ന വീടിന്റെ പിന്നിൽ നിന്ന് കണ്ടെടുത്തു.
കൊലപാതകത്തിന് കാരണം ഭാര്യയുടെ സ്വഭാവത്തിൽ സോണിക്കുള്ള സംശയമാണ്. ഈ സംശയത്തെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. അൽപനയെ കൽക്കെട്ടിൽ തലയിടിപ്പിച്ചാണ് സോണി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിനുശേഷം മൃതദേഹം നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും, കൊല്ലപ്പെട്ട അൽപനയുടെ ചെരുപ്പും പൊലീസ് കണ്ടെത്തി.
കൊലപാതകത്തിനുശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് സോണി 17-ാം തീയതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് കേസിന്റെ ചുരുളഴിയാതിരിക്കാനുള്ള ‘ദൃശ്യം’ മോഡൽ തന്ത്രമായിരുന്നു. സോണിയുടെ മൊഴികളിലെ വൈരുദ്ധ്യം കാരണം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. കഴിഞ്ഞ 14-ാം തീയതി രാവിലെ 7:30 ഓടെ സോണിയും അൽപനയും നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. എന്നാൽ തിരിച്ചുപോകുമ്പോൾ സോണി മാത്രമാണ് ഉണ്ടായിരുന്നത്. 14-ാം തീയതി തന്നെയാണ് കൊലപാതകം നടന്നതെന്ന് ഇതിലൂടെ പൊലീസ് ഉറപ്പിച്ചു

