ജയ്‌പൂര്‍: രാജസ്ഥാനില്‍ ടാങ്കര്‍ ലോറി എൽപിജി സിലിണ്ടറുകൾ നിറച്ച ട്രക്കിലിടിച്ചുകയറി വന്‍ തീപിടിത്തം. ഒരാൾ പൊള്ളലേറ്റു മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ജയ്‌പൂർ റേഞ്ച് ഇൻസ്പെക്‌ടർ ജനറൽ രാഹുൽ പ്രകാശ് പറഞ്ഞു. പൊള്ളലേറ്റ നാലുപേരെ പ്രഥമശുശ്രൂഷയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്.
അജ്‌മീര്‍ ഹൈവേയിലെ മോഖംപുരയ്ക്ക് സമീപം ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. കെമിക്കൽ ടാങ്കറാണ് എല്‍പിജി ട്രക്കില്‍ ഇടിച്ച് കയറിയത്. ആർടിഒ വാഹനം കണ്ട് വാഹനം ഗതിമാറ്റാനുള്ള ടാങ്കര്‍ ലോറി ഡ്രൈവറുടെ ശ്രമത്തിനിടെ റോഡരികിലെ ധാബയ്‌ക്ക് സമീപം നിര്‍ത്തിയിട്ട എല്‍പിജി ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിൻ്റെ ക്യാബിനിൽ നിന്നും ആദ്യം തീ പടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.ഇത് ക്രമേണ ട്രക്കിലേക്ക് വ്യാപിക്കുകയും ഇതില്‍ നിറച്ചിരുന്ന സിലിണ്ടറുകളിലേക്ക് പടരുകയും ചെയ്യുകയായിരുന്നു. 330 സിലണ്ടറുകളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. ഇതില്‍ 200 സിലിണ്ടറുകൾ രണ്ട് മണിക്കൂറോളം നേരം ഒന്നൊന്നായി പൊട്ടിത്തെറിച്ചു. സ്ഫോടന ശബ്‌ദം 10 കിലോമീറ്റർ അകലെ വരെ കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി സിലിണ്ടറുകൾ 500 മീറ്റർ അകലെയുള്ള വയലുകളിലേക്ക് വരെ തെറിച്ചതായി ഇവര്‍ പറയുന്നു.
തീ അണച്ചത് മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിലാണ്. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റ് അഞ്ച് വാഹനങ്ങൾക്കും തീപിടിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.12 ഫയർ എഞ്ചിനുകൾ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

