കറാച്ചി: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ കാട്ടിയ ആക്രമണാത്മക ബാറ്റിംഗ് പുകഴ്ത്തി മുന്‍ പാക് നായകന്‍ ഷൊയൈബ് മാലിക്. മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തി തുടക്കം കുറിച്ച അഭിഷേകിനെ കണ്ടാണ് മാലിക് പ്രശംസിച്ചത്. അഭിഷേക് ശര്‍മയെ പോലൊരു നിര്‍ഭയ താരം പാകിസ്ഥാനില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണെന്നും അതിന് കാരണം പാകിസ്ഥാനിലെ ക്രിക്കറ്റ് സംസ്കാരമാണെന്നും അദ്ദേഹം ടെലിവിഷന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. കളിക്കാര്‍ക്ക് അവരുടെ റോളിനെക്കുറിച്ച് വ്യക്തതയോ പിന്തുണയോ നല്‍കാത്തതിനാലാണ് ഇത്തരത്തിലുള്ള ആത്മവിശ്വാസമുള്ള താരങ്ങളെ വളര്‍ത്താന്‍ പാകിസ്ഥാന്‍ പരാജയപ്പെടുന്നതെന്ന് മാലിക് വ്യക്തമാക്കി.
അഭിഷേകിന്റെ ഇതുവരെയുള്ള കരിയര്‍ നേട്ടങ്ങളും മാലിക് ചൂണ്ടിക്കാട്ടി. വെറും 18 ടി20 മത്സരങ്ങള്‍ കളിച്ചിട്ടും 565 റണ്‍സ് നേടിയ അഭിഷേക്, 193.49 എന്ന അതിശയകരമായ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നു. ഇതുവരെ 44 സിക്സുകള്‍ പറത്തി ക്രിക്കറ്റ് ലോകത്ത് തന്നെ അപൂര്‍വമായൊരു ആക്രമണാത്മക ശൈലി അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. “കളിക്കാരെ വേണ്ട പിന്തുണ നല്‍കാതെ, ആത്മവിശ്വാസം തകര്‍ത്ത്, യാതൊരു വിശദീകരണവുമില്ലാതെ ടീമില്‍ നിന്ന് പുറത്താക്കുന്ന രീതിയാണ് പാക് ക്രിക്കറ്റിലെ പതിവ്. അങ്ങനെ പോകുമ്പോള്‍ സ്വാഭാവിക പ്രതിഭകള്‍ക്കും നിലനില്‍ക്കാനാവില്ല,” എന്നാണ് മാലിക് തുറന്നടിച്ചത്.
പാക് താരങ്ങള്‍ക്ക് മത്സരങ്ങള്‍ എതിരാളികളോട് മാത്രം അല്ല, ടീമിലെ സ്വന്തം സ്ഥാനം ഉറപ്പാക്കാനായും പോരാടേണ്ടിവരുന്ന സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെലക്ടര്‍മാര്‍ക്ക് കളിക്കാരുടെ ഭാവി സംബന്ധിച്ച് ഉറപ്പ് നല്‍കാനാവുന്നില്ല, ഇതും താരങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. ക്രിക്കറ്റ് ബോര്‍ഡിന്റെ സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റം വന്നാല്‍ മാത്രമേ പാക് ക്രിക്കറ്റ് പഴയ പ്രതാപത്തിലേക്ക് മടങ്ങുകയുള്ളൂവെന്നും മാലിക് അഭിപ്രായപ്പെട്ടു. ഇതോടെ യുഎഇക്കെതിരെ 58 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി, ആദ്യ പന്തില്‍ തന്നെ സിക്സിട്ട് തുടക്കം കുറിച്ച അഭിഷേക്, 16 പന്തില്‍ 30 റണ്‍സ് നേടി പുറത്തായ മത്സരമാണ് ചര്‍ച്ചയിലെക്കെത്തിയത്.

