ബിഹാർ: ദർഭംഗയിൽ 25 വയസ്സുള്ള നഴ്‌സിംഗ് വിദ്യാർത്ഥിയെ ഭാര്യാപിതാവ് കൊലപ്പെടുത്തി. നഴ്‌സിംഗ് വിദ്യാർത്ഥിയായ രാഹുൽ കുമാറിനെയാണ് ഭാര്യയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. രാഹുലിന്റെ ഭാര്യയായ തനു പ്രിയയുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്. ദുരഭിമാനക്കൊലയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം രാഹുലിനെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ പ്രേംശങ്കർ ഝായെ സമീപത്ത് കൂടിനിന്ന വിദ്യാർത്ഥികൾ പിടികൂടി ആക്രമിച്ചു. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .
ഝായെ ആദ്യം ദർഭംഗ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പട്‌നയിലേക്ക് മാറ്റി. രാഹുലും തനുവും പ്രണയവിവാഹിതരായതിൽ ഝാ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് കാമ്പസിൽ വൻ സംഘർഷാവസ്ഥയുണ്ടായതായും റിപ്പോർട്ട് ഉണ്ട് . ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുലും തനുവും നാല് മാസം മുൻപാണ് വിവാഹിതരായതെന്നും, തന്റെ അച്ഛനും സഹോദരനും രാഹുലിനെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നും തനു പ്രിയ പറഞ്ഞു.

