നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19നാണ് ഉപതിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണൽ. ഇടതു സ്വതന്ത്രനായി വിജയിച്ച പി.വി.അൻവർ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഗുജറാത്തിലെ കഡി (എസ്‌സി), വിസാവദർ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്റ്റ് ലുധിയാന, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് 19ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ ആകെ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
വിജ്ഞാപനം നാളെ നിലവിൽവരും. ജൂൺ രണ്ട് വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന, നാമനിർദേശപത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 ആണ്. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന ആവശ്യമുന്നയിച്ച് പി.വി.അൻവർ നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിരുന്നു. എൽഡിഎഫ്, യുഡിഎഫ് പോരാട്ടത്തിനപ്പുറം അൻവറിന്റെ രാഷ്ട്രീയ ഭാവി കൂടി നിർണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണു വരുന്നത്. അതേസമയം, യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. എല്ലാ മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞെന്ന് ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. നേതാക്കൾ തമ്മിൽ ആശയവിനിമയം തുടങ്ങിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. എൽഡിഎഫിന്റെ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

