കാസർഗോഡ്: കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചെമ്മനാട് കോട്ടരുവത്ത് മണ്ണിടിഞ്ഞു. കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. രാവിലെ പത്തുമണിയോടെയാണ് സംഭവം. മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു.
അതേസമയം, മഴ ശക്തമായതോടെ കാസർഗോഡ്- കാഞ്ഞങ്ങാട് തീരദേശ പാതയിലെ പള്ളം ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ദുരിതമാകുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ ദിവസേന ഗതാഗത തടസവും അനുഭവപ്പെടാറുണ്ട്. റോഡിലെ കുഴികൾ കാണാത്തതിനാൽ വാഹനങ്ങൾ കുഴികളിൽ വീണ് നിയന്ത്രണം നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു.
