ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പൂർത്തിയായി. ഡെൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ളബ് ഓഫ് ഇന്ത്യയിൽ വച്ചാണ് ചർച്ച നടന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സിജെപി നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി ഒഴികെയുള്ള ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം.
ധർമേന്ദ്ര പ്രധാന്റെ രാജി വിഷയത്തിൽ നാളെ ഉച്ചയ്ക്ക് തീരുമാനം അറിയിക്കാമെന്ന് സർക്കാർ അറിയിച്ചതായി വിദ്യാർഥികൾ വ്യക്തമാക്കി. അതേസമയം, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി. കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരാണ് സിജെപി നേതാക്കളുമായി ഇന്ന് ചർച്ച നടത്തിയത്.
വിദ്യാർഥികളുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, ഡെൽഹിയിലെ ഇന്റർനെറ്റ് നിരോധനം ഇന്ന് അർധരാത്രിവരെ നീട്ടി. രാജ്യവ്യാപകമായി പ്രകടനങ്ങളും സത്യഗ്രഹങ്ങളും നടത്താൻ കോൺഗ്രസ് നേതൃത്വം ജില്ലാ നേതൃത്വങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് വീണ്ടും പ്രതിഷേധ പരിപാടികൾ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് ഉപവാസ സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ചർച്ചയ്ക്ക് കളമൊരുങ്ങിയത്. അതേസമയം, വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിൽ ആശ്വാസമുണ്ടെന്നും എന്നാൽ ജന്തർ മന്തറിൽ നടക്കുന്ന സമാധാനപരമായ സമരം ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ തുടരുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു.
