കണ്ണൂർ/ തൃശൂർ: സംസ്ഥാനത്ത് കാലവർഷം ശക്തമായി. വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മിക്ക ജില്ലകളിലും കാലവർഷക്കെടുതികൾ റിപ്പോർട് ചെയ്യുന്നുണ്ട്. റെഡ് അലർട് തുടരുന്ന കണ്ണൂർ നഗരത്തിൽ കെട്ടിടവും മതിലും ഇടിഞ്ഞുവീണു. തളാപ്പിൽ ഉപയോഗിക്കാതെ കിടന്ന കെട്ടിടമാണ് തകർന്നുവീണത്. സംഭവ സ്ഥലത്ത് ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
ശ്രീകണ്ഠാപുരത്ത് നിയന്ത്രണംവിട്ട ബസ് മതിലിൽ ഇടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് ഏറ്റുപാറയിലേക്ക് പോവുകയായിരുന്ന ശ്രേയസ് എന്ന ബസാണ് ചുണ്ടക്കുന്ന് എസ്റ്റേറ്റിന് സമീപത്തുവെച്ച് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കണ്ണൂർ നഗരത്തിൽ ഉൾപ്പടെ വെള്ളക്കെട്ട് രൂപപ്പെട്ടു.
കോഴിക്കോട് ജില്ലയിലും റെഡ് അലർട് തുടരുകയാണ്. രാവിലെ മുതൽ കനത്ത മഴയാണ് ജില്ലയിലുടനീളം പെയ്യുന്നത്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മഴ ശക്തമാണ്. ചിലയിടത്ത് കനത്ത കാറ്റും ഇടിമിന്നലും ഉണ്ടായി. ചാലിയാർ, ഇരുവഞ്ഞിപ്പുഴ തുടങ്ങി ജില്ലയിലെ വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നു.
തോട്ടുമുക്കത്ത് വീടിന്റെ ചുറ്റുമതിൽ തകർന്നു. ഉള്ള്യേരിയിൽ തെങ്ങും മരവും വീടിന് മുകളിലേക്ക് കടപുഴകി വീണു. കരീംപുറത്ത് പ്രേംകുമാറിനെ വീടിന് മുകളിലാണ് മരം വീണത്. ആർക്കും പരിക്കില്ല. വീടിന് കേടുപാട് സംഭവിച്ചു.
തൃശൂർ ഒല്ലൂക്കര പൂച്ചട്ടിയിലുള്ള ഭാരതീയ വിദ്യാഭവൻ സ്കൂൾ പരിസരത്ത് മിന്നൽചുഴലിയിൽ മരങ്ങൾ കടപുഴകി വീണു. രാവിലെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിലാണ് സ്കൂൾ മൈതാനത്ത് ഉള്ള തേക്കുമരങ്ങൾ വേരോടെ പിഴുതുവീണത്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ചില ഭാഗങ്ങൾ തകർന്നിട്ടുണ്ട്.
