കോഴിക്കോട്: എയ്ഡഡ് സ്കൂളധ്യാപികയുടെ മരണത്തിൽ മാനേജ്മെന്റിന് എതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് താമരശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ്. ഭിന്നശേഷി സംവരണത്തിലെ സാങ്കേതിക തടസ്സങ്ങൾ മൂലമാണ് അധ്യാപികക്ക് സ്ഥിരം നിയമനം ലഭിക്കാഞ്ഞതെന്ന് മാനേജ്മെന്റ് പറയുന്നു.
കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽ.പി. സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമനാംഗീകാരം കിട്ടാത്തതിനാൽ ശമ്പളം കിട്ടിയിരുന്നില്ലെന്നും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
നിയമനത്തിനായി അലീനയുടെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല അലീനയെ പോലെ നിരവധി അധ്യാപകർ കോർപ്പറേറ്റ് മാനേജ്മെന്റുകൾ കീഴിൽ ജോലി ചെയ്യുന്നുണ്ട്. മാനേജ്മെന്റ് സ്വന്തം നിലയിൽ അലീനയ്ക്ക് താൽക്കാലിക ധനസഹായം നൽകിയിരുന്നു എന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു.
ബുധനാഴ്ച പകൽ സ്കൂളിലെത്താതിരുന്ന അധ്യാപികയെ ഫോണിൽവിളിച്ച് കിട്ടാതെവന്നതോടെ പ്രധാനാധ്യാപകൻ വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈകീട്ട് വീട്ടിലെ കിടപ്പുമുറിയിൽ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ അലീനയെ കണ്ടെത്തിയത്.
