കണ്ണൂർ: അയ്യൻകുന്നിലെ വാളത്തോട് മാവോയിസ്റ്റുകൾ പ്രകടനം നടത്തിയ സംഭവത്തിൽ കേസെടുത്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെന്ന് സ്ഥിരീകരിച്ചു. ഇതേ സംഘമാണ് ആറളം കീഴ്പള്ളിയിലും, അയ്യൻകുന്ന് ഇടപ്പുഴയിലും എത്തിയെന്നും കണ്ടെത്തി.
കേരള-കർണാടക വനാതിർത്തികൾ കേന്ദ്രീകരിച്ചു മാവോയിസ്റ്റ് സംഘം ഒളിവിൽ കഴിയുന്നുണ്ടെന്നാണ് നിഗമനം. രണ്ടു ദിവസം മുമ്പാണ് അയ്യൻകുന്ന് വാളത്തോട് ടൗണിൽ മാവോയിസ്റ്റ് പ്രകടനം നടന്നത്. സായുധരായ മാവോയിസ്റ്റ് സംഘമാണ് പ്രകടനം നടത്തിയത്. ഒരു വനിത ഉൾപ്പടെ അഞ്ചു പേരടങ്ങിയ സംഘമാണ് ഉണ്ടായിരുന്നത്. തോക്കേന്തി പ്രകടനം നടത്തിയ ഇവർ അര മണിക്കൂറോളം ടൗണിൽ തങ്ങിയ ശേഷം മടങ്ങിയെന്നാണ് വിവരം.
ലഘുലേഖകളും സംഘം വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്തി എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തവയിൽപ്പെടുന്നു. ‘ലോകബാങ്ക് നിർദ്ദേശാനുസരണം റേഷൻ നിർത്തലാക്കുന്നു’, ‘മോദി-പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക’- എന്നതടക്കമുള്ള ലഘുലേഖകളാണ് സംഘം വിതരണം ചെയ്തത്.