കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സത്തിന് ഇരയാക്കിയ യുവാക്കളെ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പോലീസും ചേർന്ന് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38 വയസ്സ്), പത്താം മൈൽ മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32 വയസ്സ്) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ കൂടാതെ കേസിലുൾപ്പെട്ട ഒരാൾ കൂടി പിടിയിലാകാനുണ്ട്. പന്തീർപാടം പാണരു ക്കണ്ടത്തിൽ ഇന്ത്യേഷ്കുമാർ (38 വയസ്സ്) ഒളിവിലാണ്. ഇയാൾ 2003 ലെ കാരന്തൂർ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടിൽ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്ത് വെച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി കോട്ടാപറ മ്പയിലുള്ള ഷെഡിൽ നിർത്തിയിട്ട ബസ്സിൽ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീർ പത്താം മൈലിലുള്ള വീട്ടിൽ നിന്നും ഓട്ടോ വിളിച്ച് കോട്ടാപറമ്പ് എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. തുടർന്ന് ഗോപിഷ് മുണ്ടിക്കൽ താഴത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം പാർസൽ വാങ്ങി യുവതിക്ക് കൊടുക്കകയും അതിനു ശേഷം ഗോപിഷും ഷമീറും ചേർന്ന് യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാൻറിനടുത്ത് ഇരുട്ടിന്റെ മറവിൽ ഇറക്കി വിടുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചതിൽ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടർന്ന് ചേവായൂർ പോലിസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു.