പത്തനംതിട്ട: ശബരിമലയിൽ ഭക്തർ സമർപ്പിച്ച അരി വാരുന്നതിനിടെ, അരിയ്ക്കൊപ്പം വീഴുന്ന പണം മോഷ്ടിച്ച് സന്നിധാനം പോസ്റ്റോഫീസ് വഴി വീട്ടിലേക്ക് അയച്ചെന്ന കേസിൽ അഞ്ച് താത്കാലിക ജീവനക്കാരുടെ അറസ്റ്റ് വൈകാതെയുണ്ടാകും. കഴിഞ്ഞ മണ്ഡലകാലത്താണ് മോഷണം നടന്നത്.
പോസ്റ്റോഫീസ് വഴി അസാധാരണമായവിധം പണം നാട്ടിലേക്ക് അയച്ചെന്ന് കണ്ടെത്തിയത്തിനെത്തുടർന്ന് ദേവസ്വം വിജിലൻസ്, ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പമ്പ പോലീസ് കേസ് എടുക്കുകയായിരുന്നു.
അടൂർ ചൂരക്കോട് സ്വദേശി ആർ. പ്രദീപ്, തിരുവനന്തപുരം വിതുര സ്വദേശി ബിജുകുമാർ, കൊല്ലം നെടുവത്തൂർ സ്വദേശി എസ്. ബൈജു, പുനലൂർ കരവാളൂർ സ്വദേശികളായ ആർ. അജിമോൻ, അരുൺ കൃഷ്ണൻ എന്നിവരാണ് യഥാക്രമം ഒന്നുമുതൽ അഞ്ചുവരെ പ്രതികൾ. പ്രതികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചന.
650 രൂപയാണ് ദിവസവേതനക്കാരുടെ കൂലി. ഇത് മകരവിളക്ക് കഴിയുമ്പോൾ ഒന്നിച്ച് അക്കൗണ്ടിൽ നൽകാറാണുള്ളത്. ഇതാണ് നേരായ വഴിയിലുള്ള പണമല്ലെന്ന് ദേവസ്വം വിജിലൻസും പോലീസും കരുതാൻ കാരണം.
സന്നിധാനത്തെ പോസ്റ്റാഫീസ്, രണ്ട് ബാങ്കുകളുടെ ശാഖകൾ എന്നിവയിലൂടെ പണം അയച്ചവരുടെ വിവരങ്ങൾ ദേവസ്വംവിജിലൻസ് പരിശോധിച്ചു. സംശയമുള്ളവരെ ബന്ധപ്പെട്ടപ്പോഴാണ്, ഈ അഞ്ചുപേർ അരിവാരലിനിടെ പണം മോഷ്ടിച്ചെന്ന് വിജിലൻസിനോട് സമ്മതിച്ചത്. ഇതേത്തുടർന്ന് കേസ് പോലീസിന് കൈമാറുകയായിരുന്നു.
