Headlines

കർണാടക എസ്ഐടി കൊച്ചിയിലേക്ക്; കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകൾ പരിശോധിക്കും

കർണാടക എസ്ഐടി കൊച്ചിയിലേക്ക്; കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകൾ പരിശോധിക്കും

ബെംഗളൂരു∙ പ്രമുഖ വ്യവസായി സി.ജെ.റോയിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ എസ്ഐടി സംഘം കൊച്ചിയിലേക്ക്. കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തുന്ന സംഘം കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കും.

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനു പിന്നാലെ ബെംഗളൂരുവിലെ പ്രമുഖ ആശുപത്രിയില്‍ റോയി വിഷാദത്തിനു ചികിത്സ തേടിയതിന്റെ വിവരങ്ങളും എസ്ഐടിക്കു ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍, ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങള്‍ എന്നിവയ്ക്കു പുറമെ വിഷാദ രോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും എസ്ഐടി അന്വേഷിക്കുന്നുണ്ട്.

നാലുമാസത്തിലേറെയായി റോയി വിഷാദത്തിനു ചികിത്സ തേടിയിരുന്നുവെന്ന വിവരം കുടുംബാംഗങ്ങളാണ് എസ്ഐടിക്ക് നൽകിയത്. ബെംഗളൂരു ജയനഗര്‍ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിലായിരുന്നു ചികിത്സ. അടുത്തിടെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചില പ്രൊജക്ടുകളില്‍ തിരിച്ചടി നേരിട്ടിരുന്നു. പ്രൊജക്ടുകളില്‍ നിക്ഷേപം നടത്തിയ ചിലര്‍ തുടര്‍ച്ചയായി പണം തിരികെ ചോദിച്ചതും റോയിയെ പ്രതിസന്ധിയിലാക്കി. കടം വാങ്ങാതെയാണ് പ്രൊജക്ടുകൾ നടപ്പാക്കുന്നതെന്നു റോയി പലതവണ പറഞ്ഞിരുന്നു. ബാങ്കുകളില്‍ നിന്നു വായ്പ എടുക്കുന്ന പതിവുമില്ല. ഇതൊന്നുമില്ലാതെ വമ്പന്‍ പ്രൊജക്ടുകള്‍ക്ക് എങ്ങനെയാണ് റോയി പണം കണ്ടെത്തിയിരുന്നതെന്നതും എസ്ഐടി സംഘം പരിശോധിക്കും.

error: Content is protected !!