Headlines

ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ

ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ വാതിൽ, കട്ടിള, ദ്വാരപാലകശില്പങ്ങൾ എന്നിവയിൽനിന്ന് സ്വർണം കവർന്ന കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി). കേസിന് അന്തഃസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നാണ് ശുപാർശ. സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട്, ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിനാണ് നൽകിയത്.

നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഐബി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. സ്വർണക്കൊള്ളയ്ക്കൊപ്പം കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാൽ ഇ.ഡി.യുടെ അന്വേഷണവും ഐബി മുന്നോട്ടുവെക്കുന്നുണ്ട്‌.

ശബരിമലക്കേസിലെ അന്താരാഷ്ട്രമാനങ്ങളെക്കുറിച്ച് ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഐബി പ്രാഥമിക വിവരശേഖരണത്തിന് തയ്യാറായത്.

ദേവസ്വംബോർഡ് ഭാരവാഹികളിലേക്ക് അന്വേഷണം നീങ്ങുന്നുവെന്ന് വന്നപ്പോഴാണ്, കേസന്വേഷണത്തിന്റെ ഫയലുകൾ വേണമെന്ന ആവശ്യവുമായി ഇ.ഡി. ആദ്യം റാന്നി കോടതിയെ സമീപിച്ചത്. എന്നാൽ, അവ നൽകേണ്ട എന്നായിരുന്നു റാന്നി കോടതിയുടെ ഉത്തരവ്. തുടർന്ന് ഇ.ഡി. ഹൈക്കോടതിയിൽ അപേക്ഷ നൽകി. കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയിൽ ഹർജി നൽകിയ ഇ.ഡി., കേസ് വിവരം കൈമാറണമെന്നുള്ള ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. ഫയലുകൾ കിട്ടിയശേഷം, സ്വർണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. കേസ് രജിസ്റ്റർചെയ്യും.

error: Content is protected !!