കൊച്ചി: ലോറിയില്‍ നിന്ന് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്. വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലുള്ള ഭാഗത്ത് വെച്ചാണ് സംഭവം.
വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലുള്ള ഭാഗത്ത് വെച്ച് ലോറി റോഡിലെ ഗട്ടറില്‍ ചാടിയാണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നില്‍ ബൈക്കില്‍ വരികയായിരുന്ന ബിനീഷിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും ആസിഡ് തെറിച്ചുവീഴുകയായിരുന്നു.
ബിനീഷിന്റെ കൈയിലാണ് കൂടുതലായും ആസിഡ് വീണിരിക്കുന്നത്. ഒപ്പം കഴുത്തിന്റെ ഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. ബിനീഷ് നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവിലാണ്. ലോറി ഹാജരാക്കാന്‍ എറണാകുളം സൗത്ത് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വാഹനത്തില്‍ ആസിഡ് കൊണ്ടുപോയത് എന്നാണ് വിവരം. കൃത്യമായി നടപടിക്രമങ്ങള്‍ പാലിച്ച് നിയമപരമായി കൊണ്ടുപോയിരുന്നെങ്കില്‍ ഇത്തരം ഒരു അപകടം ഉണ്ടാകുമായിരുന്നില്ല എന്ന് വിദഗ്ധര്‍ പറയുന്നു. ലോറിയുടെ മുകള്‍ ഭാഗം അടച്ചിരുന്നില്ലെന്നാണ് കണ്ടെത്തല്‍.

