കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ നിർണായക വഴിത്തിരിവ്. ഹോട്ടൽ മുറിയിൽ വെച്ച് സുരേന്ദ്രൻ ജാനുവിന് നൽകിയ പണം താൻ നേരിട്ടുകണ്ടുവെന്ന് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് മൊഴി നൽകി. നേരത്തേ പണം കൈമാറുന്നത് താൻ കണ്ടെന്ന് പറയാൻ ഇവർ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുന്നിലാണ് പ്രസീത മൊഴി മാറ്റിയത്.
ക്രൈബ്രാഞ്ചിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത വെളിപ്പെടുത്തുന്നത്. ടവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം എന്നാണ് പ്രസീത പറയുന്നത്.’ജാനുവിനെ കാണാനായി സുരേന്ദ്രൻ ഹോട്ടൽ മുറിയിലെത്തി. ഈ സമയത്ത് റൂമിൽ നിന്ന് ഞങ്ങൾ പാർട്ടിയുടെ ആളുകൾ പുറത്തേക്ക് മാറി. സുരേന്ദ്രൻ തിരിച്ചുപോയ ശേഷം ഞങ്ങൾക്ക് അവിടെ ജാനു ഉപയോഗിച്ചിരുന്ന ടവ്വലിൽ പൊതിഞ്ഞ പണം കാണാനായി. പിന്നീട് അത് ബാഗിലാക്കി’ പ്രസീത പറഞ്ഞു.
നേരത്തെ പണം കൊടുക്കുന്നത് നേരിൽ കണ്ടുവെന്ന് പ്രസീത പറഞ്ഞിരുന്നില്ല. ഇത് സുരേന്ദ്രനെതിരായ അന്വേഷണത്തെ ബാധിച്ചിരുന്നു. പിന്നീടാണ് പണം നേരിട്ടുകണ്ടുവെന്നത് പ്രസീത അന്വേഷണ സംഘത്തിന് മൊഴി നൽകുന്നത്.