കൊച്ചി: അമ്മയുടെ രണ്ടാം ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് നോറ മരിയയുടെ പിതാവ് സജീവ്. തന്നെയും കുട്ടികളെയും ഉപേക്ഷിച്ച് ഭാര്യ പോകുകയായിരുന്നുവെന്നും സജീവ് ആരോപിക്കുന്നു. ഭാര്യയും ഭാര്യ വീട്ടുകാരും ഒരു ദിവസം പോലും കുട്ടികളെ നോക്കിയിട്ടില്ലെന്നും സജീവൻ പറയുന്നു. ഇതിനിടെ,കുട്ടിയുടെ സംസ്കാരത്തിനെത്തിയ സജീവിന് നാട്ടുകാരുടെ മർദ്ദനമേറ്റിരുന്നു.
കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിന് ഭാര്യയായ ഡിക്സിയുടെ വീടിന് അടുത്ത് വച്ചാണ് മർദ്ദനമേറ്റത്. കുട്ടിയുടെ സംസ്കാരത്തിന് പിന്നാലെ രാത്രിയോടെ ഡിക്സിയുടെ വീട്ടിലേക്ക് സജീവ് എത്തുകയായിരുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവായ സജീവും ഗുണ്ടാലിസ്റ്റിൽ ഉൾപെട്ടയാളാണ്. ഇയാളെ നേരത്തെ നാട്ടുകാർ തടഞ്ഞുനിർത്തി മർദ്ദിച്ചിരുന്നു. കുഞ്ഞിന്റെ സംസ്കാരത്തിന് ശേഷം ഭാര്യവീട്ടിലേക്ക് കാറിൽ അമിത വേഗത്തിലെത്തിയ ഇയാളെ നാട്ടുകാർ തടയുകയായിരുന്നു. കാർ തടഞ്ഞ് അസഭ്യ വർഷം നടത്തിയ നാട്ടുകാർ ഇയാളുടെ കാറിന്റെ ചില്ലും തല്ലി തകർത്തു. കൊല്ലപ്പെട്ട നോറ മരിയയുടെ സംസ്കാരം വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി പള്ളിയിൽ വച്ച് നടന്നിരുന്നു. ഇതിന് ശേഷം രാത്രി ഏഴരയോടെയാണ് ഡിക്സിയുടെ വീട്ടിലേക്ക് സജീവ് എത്തിയത്.
ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട ഒന്നര വയസുകാരിയുടെ അമ്മ ഡിപ്സിയും രംഗത്ത് വന്നു. തന്നെ കുട്ടിയെ കാണിക്കില്ലെന്ന് ഭർത്താവും അമ്മയും പറഞ്ഞിരുന്നെന്നും അതുകൊണ്ടാണ് താൻ വരുന്നതിന് തലേദിവസം തന്നെ കുഞ്ഞിനെ കൊന്നതെന്നും ഡിപ്സി ആരോപിച്ചു. തന്റെ മക്കളെ ഭർതൃമാതാവായ സിപ്സി പല ബിസിനസുകളുടെയും മറയാക്കിയതായും കുഞ്ഞിന്റെ അമ്മ ആരോപിച്ചു.