മുക്കം മുത്തേരിയിൽ ഓട്ടോ യാത്രക്കിടെ 65കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊണ്ടോട്ടി നമ്പില്ലത്ത് മുജീബ് റഹ്മാൻ, സൂര്യപ്രഭ, ജമാലുദ്ദീൻ എന്നിവർക്കെതിരെയുള്ള കുറ്റപത്രമാണ് അന്വേഷണ സംഘത്തലവൻ മുക്കം ഇൻസ്പെക്ടർ ബി കെ സിജു തിങ്കളാഴ്ച താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ സമർപ്പിച്ചത്. 60 ദിവസത്തിനകമാണിത്.
ജൂലൈ രണ്ടിന് രാവിലെയാണ് ഓമശേരിയിലെ ഹോട്ടൽ ജോലിക്കാരിയായ വയോധികയെ മുജീബ് റഹ്മാൻ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയത്. വഴിയിൽവച്ച് ഓട്ടോ കേടായെന്നു പറഞ്ഞ് നിർത്തി വയോധികയെ ആക്രമിച്ച് ബോധംകെടുത്തി. തുടർന്ന് കാപ്പുമലയിലെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ഒരുപവൻ തൂക്കമുള്ള സ്വർണമാലയും മൊബൈൽ ഫോണും അയ്യായിരം രൂപയുമടങ്ങിയ ബാഗും കവർച്ച ചെയ്യുകയുമായിരുന്നു.