ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫെന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്നുവച്ചതില്‍ വിചിത്ര പ്രതികരണവുമായി ആരോപണ വിധേയയായ ഡോക്ടര്‍ ലളിതാംബിക. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നും അങ്ങനെയൊരു രോഗിയെ തനിക്ക് അറിയില്ലെന്നും അവര്‍ പ്രതികരിച്ചു. അഞ്ചല്ല അന്‍പത് കൊല്ലം ഉള്ളില്‍ കത്രിക ഇരുന്നാലും ഒരു പ്രശ്നവും ഇല്ലെന്നും ഇത് എപ്പോള്‍ വച്ചതാണെന്നതിന് തെളിവില്ലല്ലോയെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡ് സമയത്ത് മനുഷ്യന്‍റെ നന്‍മയ്ക്ക് വേണ്ടി ചെയ്ത ശസ്ത്രക്രിയ ഇപ്പോള്‍ ഡോക്ടര്‍ക്ക് പാരയായെന്നും അവര്‍ പറയുന്നു.
ഫ്ലോര്‍ നഴ്സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല. സര്‍ക്കാര്‍ ആശുപത്രികളില്‍ അങ്ങനെയൊരു തസ്തിക ഉള്ളത് തനിക്ക് അറിയില്ലെന്നും സിസ്റ്റര്‍മാര്‍ പറയുന്നത് വിശ്വസിച്ച് ശസ്ത്രക്കിയയ്ക്കൊടുവില്‍ കൂട്ടിത്തുന്നുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. പത്രത്തില്‍ കണ്ടാണ് വാര്‍ത്തയെ കുറിച്ച് താന്‍ അറിഞ്ഞതെന്നും 38 കൊല്ലമായി ആലപ്പുഴയില്‍ താന്‍ സേവനം അനുഷ്ഠിച്ചതാണെന്നും അപ്പോള്‍ താന്‍ കണ്ടിട്ടില്ലാത്ത രോഗികള്‍ പോലും തന്‍റെ പേര് പറയാറുണ്ടെന്നും അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. വേദനയായിട്ട് രോഗി എവിടെപ്പോയിരുന്നുവെന്നും തന്‍റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണുമെന്നും ഡോക്ടര്‍ ലളിതാംബിക പരിഹസിക്കുന്നു.
“ഉഷയ്ക്ക് ഇതിന് മുന്‍പും ഒരു ഓപ്പറേഷന്‍ ചെയ്തിട്ടുണ്ട്. അന്ന് വന്നതാണോ എന്ന് എങ്ങനെ അറിയാം. ഈ ഓപ്പറേഷനിലാണ് വന്നതെന്ന് എന്താണ് ഉറപ്പ്. ഞാനല്ല ഈ സര്‍ജറി ചെയ്തത്. അതില്‍ നൂറ് ശതമാനം ഉറപ്പുണ്ട്. വിരമിക്കുന്നതിന് തൊട്ട് മുന്‍പുള്ള സംഭവമാണ്. വലിയ കേസുകള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. യൂണിറ്റ് ചീഫ് ആകുമ്പോള്‍ സ്വാഭാവികമായും എല്ലാവരും എന്റെ പേരല്ലേ പറയുകയുള്ളു” – ഡോക്ടര്‍ പറഞ്ഞു. വീട്ടില്‍ വന്ന് കണ്ടു എന്ന ആരോപണവും ലളിതാംബിക തള്ളി.

