കേരള ബാങ്കിന്റെ ഘടനയായി. ഏഴ് മേഖലാ ഓഫീസുകളും കൊച്ചിയില്‍ കോര്‍പറേറ്റ് ബിസിനസ് ഓഫീസും ജൂണ്‍ ഒന്നിന് നിലവില്‍വരും. തസ്തികകളും ജീവനക്കാരുടെ വിന്യാസവുമുള്‍പ്പെടെ ഉള്‍പ്പെടുത്തി ഇടക്കാല ഭരണസമിതി സമര്‍പ്പിച്ച കരട് നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്കി.
ഡയറക്ടര്‍ ബോര്‍ഡിനു കീഴില്‍ മാനേജിങ് ഡയറക്ടര്‍/ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തികയും തൊട്ടുതാഴെ ചീഫ് ജനറല്‍ മാനേജരുമുണ്ട്. തിരുവനന്തപുരത്തെ ആസ്ഥാനഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി ആറ് ജനറല്‍ മാനേജര്‍മാരുണ്ടാകും. ഇതിനുപുറമേ മേഖലാ ഓഫീസുകളിലും കോര്‍പറേറ്റ് ഓഫീസിലും ജനറല്‍ മാനേജര്‍മാരാണ് തലപ്പത്ത്. രണ്ട് ജില്ലകള്‍ക്കായാണ് ഒരു മേഖലാ ഓഫീസ് പ്രവര്‍ത്തിക്കുക. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണിവ. മേഖലാ ഓഫീസ് ഇല്ലാത്ത ജില്ലകളില്‍ ജില്ലാ ഓഫീസുമുണ്ടാകും