ന്യൂഡൽഹി: രാജ്യത്ത് കൊമേഴ്സ്യൽ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർദ്ധിപ്പിച്ചു. 19 കിലോ സിലിണ്ടറൊന്നിന് 195.50 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ചതോടെ ലോകമാകെ ഇന്ധനവില വർദ്ധനവുണ്ടായതാണ് രാജ്യത്ത് എൽപിജി വിലവർദ്ധനയിലേക്ക് വഴിതെളിച്ചത്.
ഇതോടെ കൊച്ചിയിൽ വില 2092 രൂപയായി. കോഴിക്കോട്ട് 2214.5 രൂപ. തിരുവനന്തപുരത്ത് 2113 രൂപ. കഴിഞ്ഞമാസം 7ന് 115 രൂപയും കൂട്ടിയിരുന്നു. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില തൽക്കാലം കൂട്ടിയിട്ടില്ലെന്നത് സാധാരണക്കാർക്ക് ആശ്വാസമാണ്. എന്നാൽ, മാർച്ച് 7ന് ഈ സിലിണ്ടറിന്റെ വിലയിലും 60 രൂപ വർധിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് 922 രൂപയും കൊച്ചിയിൽ 920 രൂപയും കോഴിക്കോട്ട് 921.5 രൂപയുമാണ് വില.
വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഇനിയും സാധാരണനിലയിൽ ആയിട്ടില്ലാത്തതിനാൽ കേരളത്തിൽ 50% ഹോട്ടലുകളും അടഞ്ഞുകിടപ്പാണ്. ബാക്കിയുള്ള ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സിലിണ്ടർ ക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്.
വാണിജ്യ സിലിണ്ടറിന്റെ വില കമ്പനികൾ തുടർച്ചയായി കൂട്ടുകയാണ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം നടത്തിയ ഫെബ്രുവരി ഒന്നിന് വാണിജ്യ സിലിണ്ടറിന് 49 രൂപ കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വർധിപ്പിച്ചതിന് പിന്നാലെയായിരുന്നു അത്. തുടർന്ന് മാർച്ച് 1ന് 28-31 രൂപ കൂട്ടി. മാർച്ച് 7ന് 115 രൂപയും. സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിഹിതം കഴിഞ്ഞദിവസം 20% കൂടി കേന്ദ്രം പുനഃസ്ഥാപിച്ചിരുന്നു. ഇതോടെ, മിക്ക സംസ്ഥാനങ്ങളുടെയും ആകെ വിഹിതം 70 ശതമാനമായി.
